Aranmula valla sadya ആറന്മുള വള്ള സദ്യ


എന്നും ശാസ്ത്രവും സാമൂഹ്യപാഠംവും മതിയോ?ഒന്ന് മാറ്റി പിടിച്ചാലോ!! ഇന്ന് ഞാറാഴ്ച ആയിട്ട് ഉഗ്രൻ ഒരു സദ്യ കഴിച്ചാലോ ... എങ്കിൽ എല്ലാവരും വരൂ. ഒരു ഒന്നൊന്നര സദ്യ കഴിക്കാം.

നമ്മുടെ നാടിന് മാത്രം ആയി കുറച്ച് പൈതൃക വസ്തുക്കൾ ഉണ്ട് അല്ലേ അമ്പലപ്പുഴ പാൽപ്പായസം, ആറന്മുള കണ്ണാടി, ബാലരാമപുരം/കുത്തമ്പുള്ളി കൈത്തറി.... അങ്ങനെ പോകും ലിസ്റ്റ്. അതുപോലെ പൈതൃക പട്ടികയിൽ പേര് ചേർക്കപപെട്ട ഒന്നാണ് നമ്മുടെ വള്ള സദ്യ.. നിങൾ ഒരു മലയാളി ആണെങ്കിൽ അത് ഇനി ഏത് ജില്ലിലാണ് എങ്കിലും ശരി ജാതി മത വിശ്വാസത്തിന്റെ അപ്പുറം ഒരു മനുഷ്യൻ ആണെങ്കിൽ ഒരിക്കൽ എങ്കിലും വന്ന് കഴിച്ചിരിക്കണ്ട തനത് പാരമ്പര്യ കേരളീയ സദ്യ ആണ്.. ഒരിക്കൽ രുചി അറിഞ്ഞിട്ടുണ്ട് എങ്കിൽ പറയും സായിപ്പിന്റെ കോഴി പൊരിച്ചതോ, ഒരു ബിരിയാണിയോ നമ്മുടെ സദ്യയുടെ 7 അയിലത് വരില്ല എന്ന്. രുചി മാത്രം അല്ല വിഭവങ്ങളുടെ എണ്ണം, ഓരോ വിഭവത്തിന്റെ പ്രത്യേകത, അത് വിളമ്പുന്ന കഴിക്കുന്ന പ്രത്യേകത എല്ലാം ഉണ്ട്.. ചുരുക്കത്തിൽ നമ്മൾ മലയാളിയുടെ സ്വകാര്യ അഹങ്കാരം തന്നെ.. തിരു ആറന്മുള അപ്പന്റെ വള്ള സദ്യ!!!




അപ്പോ സദ്യ വട്ടത്തിലേക്ക്‌ കടക്കുന്നതിന് മുൻപ് ആറന്മുളയുടെയും, വള്ള സദ്യയുടെയ്യും ചെറിയ ചരിത്രം കഥ കൂടി അരിഞ്ഞാലോ!!!

ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്താണ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ചതുർബാഹുവായ വിഷ്ണുവിന്റെ രൂപത്തിലാണ് വിഗ്രഹമെങ്കിലും കുരുക്ഷേത്രയുദ്ധഭൂമിയിൽ അർജുനന്റെ തേരാളിയായ ഭഗവാൻ ശ്രീകൃഷ്ണന്റെ സങ്കൽപമാണ്. വിഗ്രഹത്തിന് ആറടി ഉയരമുണ്ട്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിന് നാല് ഗോപുരങ്ങൾ ഉണ്ട്. കിഴക്കേ ഗോപുരത്തിന് പതിനെട്ടു പടികളാണുള്ളത്. നാലുവശത്തും പ്രവേശന കവാടമുണ്ട്. കവാടങ്ങളിലെ ഗോപുരങ്ങളിൽ നാലു മലദൈവങ്ങൾ കാവൽ നിൽക്കുന്നു എന്നാണ് വിശ്വാസം. വൃത്താകൃതിയിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്.

വില്ലാളി വീരനായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഒരു ഐതീഹ്യം. എന്നാൽ നിലയ്ക്കലിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം ആറ് മുളയിൽ വച്ച് നദിയിലൂടെ കൊണ്ടു വന്നതിനാലാണ് ആറന്മുള എന്ന പേരു വന്നത് എന്ന് മറ്റൊരു ഐതീഹ്യവും ഉണ്ട്. ഉച്ചപൂജയ്ക്കാണ് ഇവിടെ പ്രാധാന്യം. സകലദേവീദേവന്മാരും ആ സമയം ക്ഷേത്രത്തിൽ ഉണ്ടാവുമെന്നും, ആ സമയത്ത് ക്ഷേത്രപരിസരത്തുണ്ടെങ്കിൽ പോലും എല്ലാവരുടെയും അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു. ഉപ്പുമാങ്ങയും വഴുതനങ്ങാ മെഴുക്കുപുരട്ടിയുമാണ് പ്രധാന നിവേദ്യം.

വള്ള സദ്യ


പാട്ടുംപാടി കഴിക്കുന്ന 60ൽ അധികം വിഭവങ്ങളുള്ള ആറന്മുള പാർഥസാരഥിയ്ക്ക് സമർപ്പിക്കുന്ന വള്ളസദ്യ ഇന്ത്യയിലെ ഏറ്റവും വലിയ സദ്യയായാണ് അറിയപ്പെടുന്നത്.വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രത്യേകതയായുള്ള ആറന്മുള വള്ളസദ്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹ സദ്യ എന്ന പേരിലും പ്രസിദ്ധമാണ്. അന്നദാന പ്രഭുവായ ആറന്മുളയപ്പന് വിശ്വാസികൾ നല്കുന്ന വഴിപാട് കൂടിയാണ് ഇത്. ഇഷ്ടകാര്യങ്ങളുടെ സാഫല്യത്തിനായാണ് വള്ള സദ്യ സമർപ്പിക്കുന്നത്. സന്താനഭാഗ്യത്തിനായും വള്ളസദ്യ സമർപ്പിക്കുന്നവരുണ്ട്.ആറന്മുളയിൽ വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല എന്നാണ് വിശ്വാസം.കർക്കിടകം 15 മുതൽ തുടങ്ങി കന്നി 15 വരെ നടത്തുന്നു ഇതിൽ അഷ്ടമി രോഹിണി നാളിലെ സദ്യ ആണ് ഏറ്റവും പ്രധാനം അന്നാനല്ലോ ശ്രീ കൃഷണന്റെ പിറന്നാൾ. അന്ന് ഭഗവാന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റും എന്ന് ഭക്തർ വിശ്വസിക്കുന്നു.

ചടങ്ങ്

വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം.ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.

രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.

ഇങ്ങനെ സ്വീകരിയ്ക്കണമെന്ന് വള്ളപ്പാട്ടിൽ കൂടി ആവശ്യപ്പെടും.

"വായ്ക്കുരവ നാദസ്വര മേളത്തോടെ സ്വീകരിച്ച്, പള്ളി കൊള്ളും ഭഗവാൻറ ചാരത്തെത്തിയ്ക്കു".....

ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും (തുഴയും) ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.

പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ല.ആദ്യം ഇലയിൽ 48 വിഭവങ്ങൾ കാണും. അതിനു ശേഷമുള്ള വിഭവങ്ങളാണ് പാട്ടുംപാടി ചോദിച്ചു വാങ്ങുന്നത്.

ഇങ്ങനെ വള്ളപ്പാട്ടിൽക്കൂടി വിഭവങ്ങൾ ചോദിയ്ക്കും.

"ചേനപ്പാടി ചേകവൻറ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് കൊണ്ടുവിളമ്പ്".....


ഇന്നും വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര്( തൈര് കമുകിൻ പാളയിൽ സൂക്ഷിച്ചത്) ആചാരപരമായി കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നും ആണ് എത്തിക്കുന്നത്.

പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും. ലിസ്റ്റ് താഴെ


കടുമാങ്ങ
ഉപ്പുമാങ്ങ
നാരങ്ങ അച്ചാർ
അമ്പഴങ്ങ അച്ചാർ
ഇഞ്ചി കറി
നെല്ലിക്ക അച്ചാർ
പുളിയിഞ്ചി
കായ വറുത്തത്
ചക്കഉപ്പേരി
ചേന ഉപ്പേരി
ചേമ്പ് ഉപ്പേരി
ശർക്കര വരട്ടി
ഉഴുന്നുവട
എള്ളുണ്ട
ഉണ്ണിയപ്പം
അവിയൽ
ഓലൻ
മടന്ത ഇല കൂട്ടാൻ
പച്ചഎരിശേരി
വറുത്ത എരിശ്ശേരി
മാമ്പഴ പച്ചടി
കൂട്ടുകറി
ഇഞ്ചിതൈര്
കിച്ചടി
ചമ്മന്തിപ്പൊടി
തകരതോരൻ
ചീരത്തോരൻ
ചക്കതോരൻ
കൂർക്കമെഴുക്കുപുരട്ടി
കോവയ്ക്കമെഴുക്കുപുരട്ടി
ചേനമെഴുക്കുപുരട്ടി
പയർമെഴുക്കുപുരട്ടി
വഴുതനങ്ങ മെഴുക്കുപുരട്ടി
നെയ്യ്
പരിപ്പ്
സാമ്പാർ
കാളൻ
പുളിശ്ശേരി
പാളത്തൈര്
രസം
മോര്
അമ്പലപ്പുഴ പാൽപ്പായസം
പാലട
കടലപായസം
ശർക്കരപായസം
അറുനാഴിപായസം
പുത്തരി ചോറ്
പപ്പടം വലിയത്
പപ്പടം ചെറിയത്
പൂവൻപഴം
അട
ഉപ്പ്
ഉണ്ടശർക്കര
കൽക്കണ്ടം/പഞ്ചസാര
മലർ
മുന്തിരിങ്ങ
കരിമ്പ്
തേൻ

ഇതിൽ ഞാൻ കഴിച്ചിട്ട് വ്യത്യസ്തം എന്ന് തോന്നിയത് ഉപ്പുമാങ്ങ, വറുത്ത എരിശശേരി, മടന്ദ ഇല കൂട്ടാൻ(ചെമ്പിൻ താൾ), അമ്പഴങ്ങ അച്ചാർ ( ഉണ്ടായി 20 ദിവസം മൂപ്പെത്തിയ കായ്കൾ ആണ് എടുക്കുക), ചേന ചേമ്പ് ഉപ്പേരി.. എല്ലാം കിടു ആണ്.. പക്ഷേ ഭയങ്കര വെറൈറ്റി ആയി പോയി. മറ്റൊരു അതിശയം അ രുചി വീട്ടിൽ ഇരുന്ന് എങ്ങനെ ഉണ്ടാക്കിയാലും കിട്ടില്ല എന്നുള്ളതാണ്😊🙏

സദ്യയ്ക്കുശേഷം കൊടിമരച്ചുവട്ടിൽ പറതളിച്ച് കരക്കാർ ഭക്തനെ അനുഗ്രഹിക്കുന്നു. തുടർന്ന് മടക്കയാത്രയോട് കൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.

അപ്പോ സദ്യ എങ്ങനെ ഉണ്ട് ഉഗ്രൻ ആയോ.. വായിൽ കൊതി തോന്നിയാൽ സ്വാഭാവികം.. അപ്പോ നേരം കളയാതെ ഇന്ന് തന്നെ വീട്ടിൽ ചെറിയ സദ്യ തയാർ ആക്കു... അടുത്ത വള്ള സദ്യയിൽ കുടുംബത്തോട് ഒപ്പം പങ്കെടുക്കാൻ തയ്യാർ എടുക്കു. എല്ലാവർക്കും ആറന്മുള തേവരുടെ അനുഗ്രഹം ഉണ്ടാവട്ടെ

Comments