വിഷ ചികിത്സ
വിഷ ചികിത്സ
ആയുർവേദത്തിലൂടെ .........
ഒരു ചിറക്കുനി യാത്ര......
പാമ്പ് വിഷത്തിന് ആയുർവേദ ചികിത്സ നമ്മുടെ നാട്ടിൽ നിന്ന് പടിയിറങ്ങിക്കഴിഞ്ഞു.
ആധുനിക അലോപ്പതി ചികിത്സയാണ്
ഇപ്പോഴത്തെ 'ട്രെൻഡ്.'
പക്ഷെ
ഒരു കാലത്ത് ആധുനിക വൈദ്യശാസ്ത്രം ഇത്രയൊന്നും പടർന്നു പന്തലിക്കാതിരുന്ന കാലത്ത്,
പാമ്പ് വിഷത്തിന്,
നാടൻ ആയുർവേദ ചികിത്സ മാത്രമേ
രക്ഷക രൂപത്തിലുണ്ടായിരുന്നുള്ളൂ.
നമ്മുടെ നാട്ടിലെ ,
പഴയ കാല ആയുർവേദ വിഷചികിത്സാ സമ്പ്രദായത്തിലേക്ക് നമുക്കൊന്നു പോവാം..
വരൂ,
എഴുപതുകളിലേക്ക്,
അറുപതുകളിലേക്ക്....
ഓർമ്മകളിലേക്ക്...
പാരമ്പര്യ വിഷചികിത്സ സമ്പ്രദായത്തെപ്പറ്റി ചിന്തിക്കുമ്പോൾ മറക്കാൻ കഴിയാത്ത
ഒരു പേരാണ് ചിറക്കുനിയിലെ
ശ്രീ ഉച്ചുമ്മൽ ചാത്തുക്കുട്ടി വൈദ്യർ.
ഒരു കോവിഡ് സായാഹ്നത്തിൻ്റെ അലസതയിൽ.....
ചിറക്കുനിയിലെ തൻ്റെ യോഗ കേന്ദ്രത്തിൽ,
എൻ്റെ സുഹൃത്ത്,
ശ്രീ ഹരി മുളിയിൽ,
വിഷചികിത്സകനായ
അച്ഛൻ ഉച്ചുമ്മൽ ചാത്തുക്കുട്ടി വൈദ്യരെ ഓർത്തെടുക്കുകയായിരുന്നു......
താളിയോല ഗ്രന്ഥങ്ങൾ വായിച്ച്,പഠിച്ച്
അതു പ്രകാരം മരുന്നു തേടിയിറങ്ങി ,
പച്ച മരുന്നു ചെടികൾ പറിച്ചു കൊണ്ട് വന്ന്
മന്ത്രത്തിൻ്റെയും പ്രാർത്ഥനയുടേയും
അകമ്പടിയോടെ വീട്ടിലിരുന്ന്
മരുന്ന് ഉണ്ടാക്കുന്നു ശ്രീ ചാത്തുക്കുട്ടി വൈദ്യർ.
പാമ്പ് കൂടാതെ തേൾ, ചിലന്തി വിഷങ്ങൾക്കും അദ്ദേഹം ഫലപ്രദമായി ചികിത്സിച്ചു.
മൂർഖൻ, അണലി, മണ്ഡലി, വളയർപ്പാൻ തുടങ്ങിയ പാമ്പുകളുടെ വിഷത്തിൻ്റ
മറുമരുന് ചെടികളിൽ നിന്നും മറ്റ് ശ്രോതസ്സുകളിൽ നിന്നും ഉണ്ടാക്കി,
ഗുളിക രൂപത്തിൽ
അലമാരിയിൽ സൂക്ഷിച്ച് വയ്ക്കും.
സ്വന്തമായി ഉണ്ടാക്കിയ മരുന്നുകൾ.
പാമ്പ് കടിയേറ്റ് എത്തുന്ന
ആളുകൾക്ക് ,
കടിച്ചപാമ്പിൻ്റെ
സ്വഭാവമനുസരിച്ച് മരുന്നു കൊടുക്കുന്നു.
കടിച്ച പാമ്പ് ഏതെന്ന് അറിയാത്തവർക്ക് ശരീരത്തിൽ തോന്നുന്ന മാറ്റങ്ങൾ ചോദിച്ചറിഞ്ഞ് ,പാമ്പ് ഏതെന്ന് നിർണയിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
കടിയേറ്റത് കാലിനാണെങ്കിൽ രണ്ടു കാലും നേർക്കു നിർത്തി താഴത്തെ വിരൽ മുതൽ മേലോട്ട് അമർത്തി പോവുന്നു. അമർത്തുമ്പോൾ അറിയുന്ന വീക്കം, തരിപ്പ്എന്നിവ വിഷത്തിൻ്റെ വ്യാപനം അറിയാൻ സഹായിക്കും.
അതനുസരിച്ച് മരുന്ന് നൽകും.
ദേഹത്ത് പുരട്ടുന്ന മരുന്നു തന്നെ
അകത്ത് കുടിക്കാനും കൊടുക്കും.
ഗോരോചനവും, ഇന്തുപ്പും ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിൽ മുക്കിയ വിളക്ക് തിരി മൂക്കിലൂടെ വലിച്ചെടുത്ത് "നസ്യം ചെയ്യൽ "
ഇതാണ് ചികിത്സയുടെ രീതി.
സാധാരണ ചികിത്സ.
ഇടയ്ക്കൊന്നു പറയട്ടെ....
ഗോരോചനം വീട്ടിലുണ്ടാക്കാനാവില്ല.
അത് മുട്ടക്കാരൻ്റെ പീടികയിൽ മാത്രമേ ഉണ്ടാവൂ.
അർദ്ധരാത്രി വരുന്ന കേസുകൾ ചികിത്സിക്കാൻ ഗുളികക്ക് പാതിരാത്രി കൃഷ്ണേട്ടനെ വിളിക്കാൻ പോവണം, കോളേജിൻ്റെ അടുത്ത്.
ഏതു രാത്രിയിലും കൃഷ്ണേട്ടൻ ചിറക്കുനിയിൽ വന്ന് , പീടിക തുറന്ന് മരുന്നെടുത്ത് കൊടുക്കാറുണ്ട്.
ഇനി ചികിത്സ തുടരാം...
ഈ സമയം,
കടിയേറ്റയാൾക്ക് കൊടുത്ത മരുന്ന് ശരീരത്തിൽ ചെയ്യുന്ന പ്രവർത്തനത്തെ ,
സംസ്കൃത സ്ളോകം ചൊല്ലി,
മലയാള വിവർത്തനം നൽകി ,
രോഗിക്കും കൂടെ വന്നവർക്കും
പറഞ്ഞു കൊടുക്കും, വൈദ്യർ.
ഇത് ചികിത്സയുടെ
ഒരു മനശ്ശാസ്ത്ര തലമാണ്.
രോഗിയുടെ ഭയം ഇല്ലാതാക്കുന്നു. ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു..
വിഷ ചികിത്സയിൽ രോഗിയുടെ
മനസ്സ് വലിയ കളികൾ കളിക്കുമെന്നറിയുക.
ഒരു മണിക്കൂറിനു ശേഷം
വീണ്ടും
രണ്ടു കാലും
താഴെ വിരലുമുതൽ മേൽപ്പോട്ടേക്ക്
ഒരേ പോലെ അമർത്തി പരിശോധിക്കുന്നു.
തരിപ്പ് താഴോട്ടേക്ക് വരുന്നതാണ് വിഷമിറങ്ങുന്ന ലക്ഷണം.
തൃപ്തികരമല്ലെങ്കിൽ
വിണ്ടും അതേപോലെ ഇരിക്കാൻ പറയുന്നു. നിശ്ചിത സമയത്തിനു ശേഷം
അതേ പരിശോധന.
തൃപ്തനായാൽ..
വിഷം ഇറങ്ങി
എന്ന ബോധ്യം വന്നാൽ...
canteen ഗോവിന്ദേട്ടൻ്റെ
വീട്ടിൽ നിന്നും കൊണ്ടുവന്ന
ശുദ്ധമായ പശുവിൻ പാല്
പാമ്പ് കടിച്ച വ്യക്തിക്ക് കുടിക്കാൻ കൊടുക്കുന്നു.
ചികിത്സ കഴിഞ്ഞു.
പ്രതിഫലം ദക്ഷിണ എന്ന രൂപത്തിലാണ്.
തന്നാൽ മാത്രം വാങ്ങും.
ചോദിച്ചു വാങ്ങൽ ഇല്ല.
നിമിത്തം ,വിഷ ചികിത്സയിൽ.
നമ്മുടെ പഴയ കാല
വിഷചികിത്സ പദ്ധതിയിൽ
നിമിത്തം എന്നൊരു ശാഖയുണ്ട്.
പാമ്പ് കടിയേറ്റ ആളിൻ്റെ വരവ്, അതറിയുമ്പോൾ വൈദ്യൻ ചെയ്യുന്ന കർമ്മവുമായി ബന്ധപ്പെടുത്തി,
പാമ്പിൻ്റെ വിഷം ശക്തമാണൊ
അല്ലയൊ
കടിച്ചത് വിഷമുള്ള ജീവിയാണൊ വിഷമില്ലാത്ത ജീവിയാണൊ
എന്നൊക്കെ
മനസ്സിലാക്കാനുള്ള
ചികിത്സാ ശാഖ.
ചാത്തു കുട്ടി വൈദ്യർ
നിമിത്ത ലക്ഷണങ്ങൾ
കൃത്യമായി പറയാൻ കഴിവുള്ള ആളായിരുന്നു.
ധ്യാന സമയത്താണ്
പാമ്പുകടിയേറ്റ വിവരം അറിഞ്ഞതെങ്കിൽ പ്രശ്നം.ഗുരുതരമല്ല.
ഭക്ഷണ സമയത്താണെങ്കിൽ ചെറിയ സങ്കീർണതയുണ്ടെന്ന് സാരം.
ഒരോ നേരത്തും ഒരോ നിമിത്തങ്ങൾ.
ഒരിക്കൽ പാമ്പു കടിയേറ്റ് ബോധരഹിതയായ ഒരു സ്ത്രിയെ കൊണ്ടു വന്നു.
മുഴുവൻ രോമ കൂപങ്ങളിൽ നിന്നും
രക്തം കിനിഞ്ഞിറങ്ങുന്നു.
രക്തത്തിൽ കുളിച്ച പ്രതീതി.
യാതൊരു പ്രതീക്ഷയുമില്ലാത്ത അവസ്ഥ. കടിയേറ്റ ആളുടെ ശരീരം മുഴുവനും മരുന്നു തേച്ച് മൂന്നു നാലു മണിക്കൂറുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുത്തിയ അൽഭുതം ഹരി അയവിറക്കി.
ഋഷി തുല്യരായ ഗുരുക്കന്മാരിൽ നിന്നാണ്
ശ്രീ. ചാത്തുക്കുട്ടി വൈദ്യർ വിഷവൈദ്യം സ്വായത്തമാക്കിയത്.
പത്തു വർഷത്തോളം അണ്ടലൂർ കാവിലെ എമ്പ്രാൻച്ചനായി പ്രവർത്തിക്കാൻ ദൈവത്താ റീശ്വരൻ്റെ അനുഗ്രഹത്താൾ ശ്രീ ചാത്തുക്കുട്ടിക്ക് കഴിഞ്ഞിരുന്നു.
വിഷചികിത്സാരംഗത്തെ കഴിവുകൾ അംഗീകരിച്ച് വൈദ്യ ശിരോമണി സ്ഥാനത്തിന് ശുപാർശ ചെയ്തിരുന്നു അദ്ദേഹത്തെ.
ഒരു വൈദ്യശാല ഇല്ലാത്തതിനാൽ ആ സ്ഥാനം കൊടുക്കാൻ പറ്റാതെ പോയി അധികാരികൾക്ക് .എന്നിരുന്നാലും
സർക്കാർ ഗ്രാൻറ് രണ്ട് പ്രാവശ്യം
കിട്ടിയിരുന്നു. നൂറു രൂപ പ്രകാരം രണ്ട് പ്രാവശ്യം.
പാരന്ത്യാദി തൈലം. മണ്ഡലി കടിച്ച സ്ഥലത്ത് ഒരു വർഷം കഴിഞ്ഞാൽ വരുന്ന വ്രണത്തിന് ഫലപ്രദമായ മരുന്ന് ഇദ്ദേഹം സ്വയം വികസിപ്പിച്ചെടുത്തിരുന്നു. ദാമു വൈദ്യരുടെ കടയിൽ അത് വാങ്ങി കടിയറ്റേവർ ഉപയോഗിച്ചു.
ഒരിക്കൽ ഒരു കുട്ടിയെ പാമ്പു കടിച്ചു.
പാമ്പ് കടിയാണെന്നറിയാതെ ഡോക്ടർ ഇഞ്ചക്ഷൻ കൊടുത്തു.
കുട്ടി ബോധരഹിതയായി.
ഒരു ചികിത്സയും ഫലവത്താവാതെ മടക്കി. കുട്ടിയുടെ അച്ഛൻ്റെ നിർബന്ധത്താൽ ചാത്തു വൈദ്യർ ചികിത്സ എറ്റെടുത്തു.
തരുണ ഭാസ്കരം ഗുളികയാണ് വൈദ്യർ ഉപയോഗിച്ചത്. മണിക്കൂറുകളോളം നീണ്ട ചികിത്സക്കൊടുവിൽ
ആ മരുന്ന് കുട്ടിയെ ജീവിതത്തിലേക്ക്
തിരിച്ചു കൊണ്ടുവന്നു.
നാട്ടിൽ ഇതൊരു സംസാരവിഷയമായി.
ഒരു വർഷം പൂഴിയിൽ കൃഷ്ണേട്ടൻ ഈ ഗുളിക സൗജന്യമായി തൻ്റെ പീടികയിൽ നിന്നും പാമ്പ് കടിച്ചവർക്ക് കൊടുത്തിരുന്നതായി
ഹരി ഓർക്കുന്നു.....
സ്തുത്യർഹമായ വിഷചികിത്സ സപര്യയ്ക്കൊടുവിൽ,
ശ്രീ ഉച്ചുമ്മൽ ചാത്തു വൈദ്യർ
വിട പറഞ്ഞു.
ഒരു പാരമ്പര്യ വിഷചികിത്സകൻ
പിന്നീട് ഇതുവരെ ഈ നാട്ടിൽ ഉണ്ടായില്ല.
പൊതുവെ പാമ്പുകടി നമ്മുടെ നാട്ടിൽ കുറവാണ്.
അത് അങ്ങനെത്തന്നെ ഇരിക്കട്ടെ......

Comments
Post a Comment